വേമ്പനാട്ടുകായലിന്റെ കിഴക്കേകരയിൽ വൈക്കം പട്ടണത്തിന്റെ തെക്കുകിഴക്കായി വ്യാപിച്ചിരിക്കുന്ന തലയാഴം നെൽപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, തോടുകളും, കായലോരങ്ങളും ചേർന്ന് മനോഹരമായ ഒരു കാർഷിക ഗ്രാമമാണ്. പഞ്ചായത്തിന്റെ വടക്കും പടിഞ്ഞാറുമായി ഏകദേശം 9 കിലോമീറ്റർ ദൈർഘ്യത്തിൽ കരിയാറും കി. ഭാഗത്ത് ഏകദേശം അതേ ദൈർഘ്യത്തിൽ കെ.വി. കനാലും തെ.പ. 3 കി.മീറ്ററോളം വേമ്പനാട്ട് കായലും നൈസർഗികാതിർത്തികളായി വർത്തിക്കുന്നു. തലയാഴം പഞ്ചായത്തിന് പൊതുവേ തീരസമതലം, താരതമ്യേന ഉയർന്ന സമതലം, ചതുപ്പുനിലം എന്നിവ ഇടകലർന്ന ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിലൂടെ ഒഴുകുന്ന മൂവാറ്റുപുഴ ആറ്, മീനച്ചിൽ ആറ് എന്നീ നദികളുടെ കൈവഴികൾ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. 3 കി.മീറ്ററോളം വേമ്പനാട്ടുകായലുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിന്റെ 3 വശങ്ങളും കായലിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടാൻ കരിയാറിന്റെ പതനമുഖത്ത് താൽക്കാലിക ബണ്ടു കെട്ടി 6 മാസം നീരൊഴുക്ക് തടയാറുണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗം കൃഷിയാണ്. മത്സ്യബന്ധനം, കക്കവാരൽ എന്നീ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്. പ്രധാന വിളയായ നെല്ലിനു പുറമേ തെങ്ങ്, വാഴ, പച്ചക്കറി എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്.